ഏതാണ് ശരിയായ വഴി ?

ഏതാണ് ശരിയായ വഴി ? 

“ഭൂതകാലങ്ങളെ നമ്മുക്ക് കാണുവാൻ കഴിയും ,

പക്ഷേ അതിലേക്കു പോകുവാൻ കഴിയില്ല.

ഭാവി കാലങ്ങളെ നമ്മുക്ക് കാണാൻ കഴിയില്ല,

പക്ഷേ അതിലേക്കു പോകുവാൻ കഴിയും.”

 

പലപ്പോഴും നാം എടുത്ത ആ തീരുമാനം നമ്മുടെയും നമ്മുടെ കുടുംബാഗംങ്ങളുടെയും ദുഖത്തിനും പ്രയാസത്തിനും ആയിത്തീരുന്നത് നമുക്കു തന്നെ പിന്നീട് കണ്ട് വേദനിക്കേണ്ടതായ സാഹചര്യം ഉണ്ടായിട്ടില്ലേ ? ഒരിയ്ക്കലും തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍.  ആ തീരുമാനം കാരണം ജീവിതം മാറിപ്പോയിട്ടില്ലേ ? ഞാന്‍ അങ്ങനെ ഒരു തീരുമാനം എടുക്കാതിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നു ചിന്തിക്കാത്ത ഒരു മനുഷ്യനെങ്കിലും കാണുകയില്ല. നമ്മള്‍ എടുക്കുന്ന ഒരു തെറ്റായ തീരുമാനം മതി ജീവിതത്തിന്‍റെ പരാജയങ്ങളുടെ നിലയില്ലാത്ത നടുക്കടലിലേക്ക് സ്വയം വലിച്ചെറിയപ്പെടുവാനും മറ്റുള്ളവരെ വലിച്ചെറിയുവാനും.

പ്രധാനമായ പരാജയങ്ങള്‍ 

ജീവിതത്തില്‍ നമുക്ക് പലവിധമായ പരാജയങ്ങളെയും നേരിടേണ്ടിവരിക സാധാരണമാണ്. എന്നാല്‍ ആ പരാജയം നമ്മുടെ ജീവിതത്തില്‍ തിരിച്ചുവരവില്ലാത്തവിധത്തില്‍ ആയി പോകുമ്പോഴാണ് അത് വലിയ വേദനയുടെ അനുഭവമായി മാറുന്നത്.

തെറ്റിപ്പോയാൽ ജീവിതത്തെ വളരെ താറുമാറാക്കുന്ന തീരുമാനങ്ങളില്‍ ചിലതാണ് :

(കടപ്പാട്  : ഗൂഗിൾ ഇമേജസ്)

  1. തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസം.
  2. തിരഞ്ഞെടുക്കുന്ന തൊഴില്‍.
  3. ഏതു സ്ഥലമാണ് പഠിക്കുവാനും തൊഴില്‍ ചെയ്യുവാനും തിരഞ്ഞെടുക്കുന്നത്.
  4. തൊഴില്‍ ചെയ്യുവാന്‍ വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥാപനം.
  5. ഏതു ബിസിനസ്സ് തിരഞ്ഞെടുക്കുന്നു.
  6. ആരെ വിവാഹം കഴിക്കുന്നു.
  7. എവിടെ, എങ്ങനെ, സ്ഥിര താമസത്തിനായി വീട് വെയ്ക്കുന്നു.
  8. ഏതു വിചാര ധാരയുള്ള മനുഷ്യരോടൊപ്പം ചേര്‍ന്ന് നടക്കുന്നു.
  9. ഏതു വിചാരധാരയുള്ള സമുദായത്തോടൊപ്പം ചേര്‍ന്ന് നടക്കുന്നു.

 

            മുകളില്‍ പറഞ്ഞതിൽ ചിലതെങ്കിലും തെറ്റായി പോയി എന്നത് കാലം പിന്നിടുമ്പോള്‍ നമ്മളില്‍ പലരും തിരിച്ചറിഞ്ഞു, ആ തീരുമാനത്തെക്കുറിച്ച് വ്യസനിച്ചിട്ടുണ്ടാകും. തെറ്റ് ബോധ്യപ്പെട്ട അവസരങ്ങളില്‍, നമ്മളില്‍ പലര്‍ക്കും നമ്മുടെ സര്‍വ്വ ശക്തിയും കഴിവും ഉപയോഗിച്ചും, മറ്റുള്ളവരുടെ സഹായത്താലും അതില്‍ നിന്നു കരകയറിയ അനുഭവത്തെപ്പറ്റിയും  പറയുവാനുണ്ടാകും.     

എന്‍റെ ഓര്‍മ്മകള്‍

ജീവിതത്തില്‍ തിരിഞു നോക്കുമ്പോള്‍ എന്‍റെയും ജീവിതത്തില്‍, എടുത്ത തീരുമാനങ്ങള്‍ ശരിയായിത്തീർന്നതും, തെറ്റായിപ്പോയിയെന്നു തോന്നിയതുമായ അനുഭവങ്ങള്‍ ധാരാളമുണ്ട്. തെറ്റായിപ്പോയിഎന്നു  തോന്നിയ അനുഭവങ്ങൾ, വളരെ പാടുപെട്ടും, സമയം ചിലവഴിച്ചും, ശരിയാക്കിത്തീർത്ത അനുഭവങ്ങളും ഉണ്ട്. ശുദ്ധ അബദ്ധം എന്നു തോന്നിയകാര്യങ്ങൾ, വളരെ പാടുപെട്ടും മറ്റുള്ളവരുടെ സഹായത്താലും, ദൈവകൃപയാലും വലിയ വിജയമാക്കി മാറ്റുവാനും   കഴിഞ്ഞിട്ടുണ്ട്, എൻറെ ജീവിതത്തിൽ ദൈവകൃപയാൽ ആദ്യം തന്നേ ശരിയായിത്തീർന്ന തീരുമാനങ്ങൾ ധാരാളം ഉണ്ട്. എന്നാൽ, ഞാൻ ഇവിടെ  പറയുവാൻ ഉദ്ദേശിക്കുന്നത്, തെറ്റായിപ്പോയി എന്നുവിചാരിച്ച തീരുമാനങ്ങളിൽ ചുരുക്കം ചിലത് എങ്ങനെ ശരിയാക്കി എന്നാണ്.

കണക്കുവിഷയത്തിലേ മാർക്ക് കുറവ്

  അഞ്ചാം ക്ലാസ്സില്‍ എനിക്ക് കണക്കിന് കഷ്ടിച്ച് ജയിക്കുവാൻ മാര്‍ക്ക് കിട്ടുകയും, മാര്‍ക്ക് കുറഞ്ഞതില്‍ അന്നത്തെ പ്രധാനഅദ്ധ്യാപകനിൽനിന്നും നിന്നും ചൂരല്‍ വടിയാല്‍ അടികിട്ടുകയും ചെയ്തപ്പോള്‍ എനിക്കു തോന്നിയിരുന്നു ഞാന്‍ കണക്ക് വിഷയത്തിന് കഴിവില്ലാത്തവനാണെന്ന്. ഒരിക്കലും ഞാന്‍  കണക്കുള്ള വിഷയം ഉന്നത പഠനത്തിനെടുക്കുകയില്ല എന്നു അന്നു തീരുമാനിച്ചതാണ്.   എന്നാൽ, പലരോടും ഇതു ചർച്ചചെയ്തു ഉപദേശം തേടിയതനുസരിച്ചു, ഞാന്‍ തുടര്‍ന്നു വന്ന വേനല്‍ക്കാല അവധിക്ക് ഒന്നാം ക്ലാസ്സ് മുതലുള്ള കണക്ക് പുസ്തകങ്ങള്‍ വീണ്ടും മനസ്സിലാക്കി പഠിച്ചു കഴിഞ്ഞപ്പോള്‍, ശേഷം വര്‍ഷങ്ങളില്‍ എനിക്ക് കണക്കിന് ഉന്നത വിജയം നേടുന്നതിനും, പിന്നീട് നല്ല ഒരു എഞ്ചിനീയറിംഗ് കോളേജില്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുവാനും ഇടയായി.

എഞ്ചിനീയറിംഗ് കോളേജിലെ പരാജയം

എഞ്ചിനീയറിംഗ് കോളേജില്‍ ആദ്യ വര്‍ഷം പല വിഷയങ്ങളിലും തോൽവി സംഭവിച്ചപ്പോൾ തോന്നിയിരുന്നു, ഞാന്‍ എഞ്ചിനീയറിംഗിന് വരാന്‍ പാടില്ലായിരുന്നു എന്ന്. എന്നാൽ, പലരോടും ഇതു ചർച്ചചെയ്തു ഉപദേശം തേടിയതനുസരിച്ചു, ഞാന്‍ സ്വയം ഒരു അപഗ്രഥനം നടത്തി, ഞാന്‍ എന്‍റെ വഴികള്‍ ശരിയാക്കിയപ്പോള്‍, എനിക്ക് ഉന്നതമായ വിജയത്തോടു കൂടി എഞ്ചിനീയറിംഗ് ജയിക്കുവാന്‍ കഴിഞ്ഞു.

പട്ടാളത്തിലേക്കുള്ള സെലക്ഷൻ

എസ് എസ് ബി (സർവീസസ്‌ സെലെക്ഷൻ ബോർഡ്) ഇൻറർവ്യൂ കഴിഞ്ഞുള്ള മെഡിക്കൽ പരിശോധനയിൽ എനിക്ക് ശരീരഭാരം അനുവദനീയമായതിലും ഇരുപതു കിലോ കൂടിയതുകാരണം, എന്നെ തൽക്കാലത്തേക്ക് അയോഗ്യനാക്കി. എന്നോട് ഇരുപതുകിലോ ഭാരം,  നാല്പത്തിരണ്ടു   ദിവസത്തിനകം കുറച്ചു, വീണ്ടും റിപ്പോർട്ട് ചെയ്യുവാൻ പട്ടാള അധികാരികൾ ആവശ്യപ്പെട്ടു. അഥവാ, ഇത്രയും കുറക്കുവാൻ കഴിഞ്ഞില്ലെങ്കിൽ, തിരിച്ചുവരുകയേ വേണ്ട എന്ന് ശക്തമായ ഭാഷയിൽ അവർ അറിയിച്ചു. വളരെ അസാധ്യമെന്നു തോന്നിയ ഇക്കാര്യം,  എല്ലാവരുടെയും മാർഗദർശനത്തിന്റെയും സഹായത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മുൻപിൽ, സാധ്യമായിത്തീർന്നാണ്, എനിക്ക് പട്ടാളത്തിലേക്കുള്ള അവസാന സെലക്ഷൻ ലഭിച്ചത്.

എഴുത്തുകാരൻ ആർമിയിൽ ലെഫ്റ്റനറായികമ്മീഷൻ കിട്ടിയ ശേഷം

മാരകമായ അപകടം

എഴുത്തുകാരൻ മാരകമായ അപകടത്തിൽ ചികിത്സയിൽ ആയിരിക്കുന്ന സമയം  പിന്നീട് ജീവിതത്തില്‍ ഒരു അവിചാരിതവും മാരകവുമായ അപകടത്തില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരുവാന്‍ കഴിയില്ല എന്നു ഞാനും മറ്റുള്ളവരും ചിന്തിച്ച  സമയങ്ങള്‍ വളരെയുണ്ട്. ആ അപകടത്തിലേക്കു നയിച്ച, അപകടത്തിനു മുൻപായിയെടുത്ത പല തീരുമാനങ്ങളേയും ആ സമയത്തു പഴിക്കുകയുണ്ടായി. എന്നാല്‍ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മനസ്സിലാക്കി, ഓരോന്നായിട്ടു കൈയ്പ്പേറിയതും നിരാശയുടേതുമായ അവസരങ്ങളില്‍ സര്‍വ്വേശ്വരനെ വിളിച്ച് പ്രതീക്ഷകള്‍ നഷ്ട്ടപ്പെടാതെ മറ്റുള്ളവരുടെ സഹായത്തോടെ ചെയ്തപ്പോള്‍ ജീവിതത്തിനു പുതിയ മാനങ്ങളും തിരിച്ചുവരവും നല്‍കുന്ന അനുഭവവും എന്‍റെ ജീവിതത്തില്‍ ഉണ്ടായി.

മിക്കപ്പോഴും ഏതു തീരുമാനമാണ് നല്ലത് എന്ന പൂര്‍ണ്ണമായ തിരിച്ചറിവ് അത് എടുക്കുന്ന സമയത്ത് നമുക്ക് ഉണ്ടാവുക പ്രയാസമാണ്. എന്നാല്‍ നമുക്ക് കൂടുതല്‍ ശരിയായ തീരുമാനങ്ങള്‍ ആദ്യം തന്നെ എങ്ങനെ എടുക്കുവാൻ കഴിയും എന്നറിയുന്നതും, എടുത്ത തീരുമാനങ്ങള്‍ തെറ്റായി എന്നറിഞ്ഞാല്‍, എങ്ങനെ നമുക്ക് അതില്‍ നിന്നും കരകയറുവാൻ കഴിയും എന്നറിയുന്നതും ഏത് പ്രായത്തിലുള്ളവര്‍ക്കും നല്ലത് തന്നെ.എങ്ങനെ കൂടുതല്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാം ?പലപ്പോഴും നമ്മള്‍ തെറ്റിപ്പോകുന്നതിനുള്ള പ്രധാന കാരണം, നമ്മള്‍ എല്ലാ കാര്യങ്ങളിലും ചിന്തിക്കുന്നതും വിചാരിക്കുന്നതും പൂര്‍ണ്ണമായി ശരിയാണെന്നും ആ തീരുമാനം എടുക്കാനുള്ള അറിവും കഴിവും എനിക്ക് ഉണ്ടെന്ന് വിശ്വസിച്ചുപോകുന്നതിലാണ്. എന്നാല്‍, ഈ ജീവിതത്തിലെ, ഈ ലോകത്തിലെ അറിവിന്‍റെ ഒരു കണിക പോലും നമുക്ക്  ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജീവിത്തിലെ അറിവ് ഒരു വ്യക്തിക്ക് അവന്‍ വളര്‍ന്നു വന്ന സാഹചര്യം കൊണ്ടും കിട്ടിയ വിദ്യാഭ്യാസം  കൊണ്ടും, പിന്നീട് ജോലി ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും അവന്‍റേതായ അനുഭവങ്ങളില്‍ നിന്നും ലഭിച്ചതാകുന്നു. ഈ ജീവിത യാത്രക്കിടെ ഇതുവരെ കിട്ടിയ ഈ വലുതെന്നു നമുക്കുതോന്നുന്ന അറിവ്, വളരെ വളരെ പരിമിതമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ പലപ്പോഴും നമ്മള്‍ മറിച്ചു ചിന്തിക്കുകയും നമ്മുടെ പരിമിതമായ ബുദ്ധിക്കകത്തുനിന്നു, ജീവിതത്തെ തന്നെ മാറ്റിമറിക്കാവുന്ന വലിയ വലിയ തീരുമാനങ്ങള്‍ വളരെ ലാഘവത്തോട് കൂടി എടുക്കുന്നതാണ് പലപ്പോഴും പല പരാജയത്തിന്‍റെയും വിഷമതകളുടെയും പ്രധാനമായ ഒരു കാരണം.ഒരു പ്രധാന തീരുമാനം എടുക്കുന്നതിനുമുമ്പ്, താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ, നമ്മുടെ തെറ്റായ തീരുമാനങ്ങളുടെ എണ്ണം തീർച്ചയായും ഒരുപരിധിവരെ കുറക്കുവാൻ കഴിയും.                                       1. കഴിയുന്ന എല്ലാ വിധ വിവരങ്ങളും ശേഖരിക്കുക.തീരുമാനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളുടെയും, നമുക്ക് കണ്ടെത്താവുന്ന, ലഭിക്കാവുന്ന എല്ലാ വിവരങ്ങളും ശേഖരിക്കുക. അതിനു വേണ്ടി ബുദ്ധിമുട്ടാവുന്നത്രയും ബുദ്ധിമുട്ടുക. നമ്മളാല്‍ കഴിയുന്ന, നമ്മോട് സ്നേഹവും കരുതലുമുള്ള എല്ലാവരുടെയും സഹായം തേടുക.2. അറിവും അനുഭവവും ഉള്ളവരുടെ അഭിപ്രായവും ഉപദേശവുംനമ്മള്‍ ഓരോ തീരുമാനം എടുക്കുമ്പോഴും ആ ഒരു വിഷയത്തില്‍ ശരിയായ അറിവും ജീവിത അനുഭവങ്ങളും ഉള്ള കുറഞ്ഞത് അഞ്ചു വ്യക്തികളുടെ അഭിപ്രായം തേടുന്നത് നന്നായിരിക്കും. അവർ നമ്മളെ അറിയാവുന്നവർ ആണെങ്കിൽ നമ്മുടെ എല്ലാചുറ്റുപാടുകൾ അറിഞ്ഞു ഉപദേശങ്ങളും മാർഗദർശനവും നല്കുവാൻ കഴിയും. പലപ്പോഴും അറിവും വൈദഗ്ധ്യവുമുള്ള ആളുകള്‍ നമ്മുടെ ചുറ്റുപാടുകളില്‍ കണ്ടെന്ന് വരില്ല. കുറച്ചുകൂടി വിശദമായി നമ്മുടെ ജീവിതസാഹചര്യം വിവരിക്കേണ്ടിവരുമെങ്കിലും, അവരെ തേടിപ്പോകുമ്പോള്‍ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും അസൌകര്യങ്ങളും നമ്മുടെ ജീവിതത്തില്‍ ഒരു നഷ്ടമാവില്ല. ഇവരിൽനിന്നും ലഭിക്കുന്ന പലവിധമായ അഭിപ്രായങ്ങളും ശരിക്കും അപഗ്രഥിച്ചു വേണം നമ്മള്‍ തീരുമാനം എടുക്കുവാൻ.

3. എടുത്തു ചാടി തീരുമാനിക്കാതിരിക്കുക

ഈ ജീവിത യാത്രയില്‍ നമ്മള്‍ ഓരോരുത്തരും ഓരോ നിമിഷവും ആയിരിക്കുന്ന അവസ്ഥ നമ്മുടെ തന്നെ ജീവിതത്തില്‍ പുതിയ അനുഭവങ്ങളാണ്. ഓരോ നിമിഷവും ഓരോ ദിവസവും നമ്മള്‍ ശാരീരികമായും മാനസികമായും പുതിയ ഒരു അവസ്ഥയിലാണ്. പലപ്പോഴും  ഒരു പുതിയ തീരുമാനത്തിന്‍റെ നല്ലതും ചീത്തയും മനസ്സിലാക്കി വരാന്‍ നമുക്കു സമയം എടുക്കും. ഒരു നിമിഷം കൊണ്ടെടുക്കുന്ന തെറ്റായ തീരുമാനങ്ങൾ, പിന്നീട് വലിയ നഷ്ടങ്ങൾ സമ്മാനിച്ചേക്കാം. അതുകൊണ്ട് തന്നെ, കഴിവതും സമയം എടുത്ത് വളരെ ചിന്തിച്ച് വേണം ജീവിതത്തിലെ കാതലായ കാര്യങ്ങളില്‍ ഒരു അന്തിമ തീരുമാനം എടുക്കുവാന്‍.

4. പ്രാര്ത്ഥിക്കുക / സമയം ഏകാഗ്രതയിൽ ചെലവഴിക്കുക

എത്രയൊക്കെ നമ്മൾ പരിശ്രമിച്ചാലും, പലതിനും അപ്പുറം നമുക്ക് സ്വാധീനിക്കുവാൻ യാതൊരു വഴികളുമില്ലാത്ത, പല സാഹചര്യങ്ങളും, നമ്മുടെ എത്രയും ആലോചിച്ചെടുത്ത തീരുമാനത്തെയും പരാജയത്തിലേക്കു നയിക്കാം. കുറച്ചുനേരം ഏകാഗ്രതയോടെ, എല്ലാകാര്യങ്ങളും സ്വസ്ഥമായി ഇരുന്നു മഥിക്കുന്നത്, കിട്ടിയ അറിവുകളെ ശരിയായ വിധത്തിൽ വിശകലനം ചെയ്യുവാൻ നമ്മേ സഹായിക്കും.  പ്രാർത്ഥനയും സര്‍വ്വേശ്വരന്‍റെ കൃപയും, നമുക്ക് പ്രഥമദൃഷ്ട്യാ വെളിപ്പെടാത്ത പലകാര്യങ്ങളും  വെളിപ്പെടുവാൻ സഹായിക്കുന്നതാണ്.

5. തീരുമാനം തെളിഞ്ഞുവരും

നമ്മൾ ഇത്രയൊക്കെ ചെയ്തുകഴിയുമ്പോൾത്തന്നേ, നമ്മുടെ തീരുമാനത്തിലേ തെറ്റുകളും ശരികളും നമുക്കു വ്യക്തമായി  കാണുവാൻ കഴിയുകയും എത്രയും ശരിയായ ഒരു തീരുമാനം സ്വമേധയ ഉരുത്തിരിഞ്ഞു വരികയും ചെയ്യും.

 6. ഉത്തരവാദിത്തം ഏറ്റെടുക്കുക

            നാം എന്തുചെയ്യുവാൻ അവസാനം തീരുമാനിക്കുന്നുവോ, അതിന്റെ പൂർണമായ ഉത്തരവാദിത്വം അവനവൻ തന്നെ ഏറ്റെടുക്കണം. ജീവിതത്തിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾക്ക് മറ്റുള്ളവരെ പഴിചാരുക ഉചിതമല്ല. നമ്മൾ സ്വയം തീരുമാനത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾത്തന്നേ, തീരുമാനം ശരിയായിത്തീരുവാനുള്ള എല്ലാ കാര്യങ്ങളും വേണ്ടവിധത്തിൽ ചെയ്യുവാൻ നമുക്കു കഴിയും.   

7. പ്രാവര്‍ത്തികമാക്കുക

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ശേഷം എത്ര പ്രയാസവും ബുദ്ധിമുട്ടും ഉണ്ടായതാണെങ്കിലും, ശരിയായ അറിവോടുകൂടിയും പൂര്‍ണ്ണമായ വിശ്വാസത്തോടുകൂടിയും എടുത്ത തീരുമാനത്തിലൂടെ പടിപടിയായി ദൃഢനിശ്ചയത്തോടെ മുന്‍പോട്ടു പോകുക.

             നമ്മള്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ നമ്മുടെ തെറ്റായ തീരുമാനങ്ങളില്‍ പലതും ഒഴിവായി, നമുക്ക് ജീവിതത്തില്‍ ശരിയായ പാതയില്‍ കൂടി മുന്നേറുവാൻ കഴിയും.

തീരുമാനം തെറ്റായി പോയി എന്നു ബോധ്യം വന്നാല്‍ എന്തുചെയ്യും

എന്റെ ഭാവി എന്തായി തീരും ? ഇതിൽനിന്നും ഞാൻ എങ്ങനെ കരകയറും ? (കടപ്പാട്  : ഗൂഗിൾ ഇമേജസ്)എടുത്ത തീരുമാനം കാരണം ഇന്നു വിഷമത്തിലായിരിക്കുന്ന പലരും കാണും.  എടുത്ത തീരുമാനം തെറ്റി, നമ്മള്‍ പരാജയത്തിന്‍റെയും ദുഖത്തിന്‍റെയും, വേദനയുടെയും ആഴത്തില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ  മുന്‍പില്‍ കരകയറുവാനുള്ള വഴിയും വേറിട്ടതല്ല, ഉചിതമായ വിധത്തിൽ ഭാവിയെ വീണ്ടും കൊണ്ടുപോകുന്നതിനുള്ള വഴികൾ നേരത്തേ പറഞ്ഞതൊക്കെ  തന്നേയേ ഉള്ളു.                                     1. കഴിയുന്ന എല്ലാ വിധ വിവരങ്ങളും ശേഖരിക്കുക.

(പ്രത്യേകിച്ചു നമുക്കു പിഴവ് എവിടെ എന്തുകൊണ്ട് സംഭവിച്ചു എന്നുള്ള കാര്യങ്ങളിൽ)                                                                                             2. അറിവും അനുഭവവും ഉള്ളവരുടെ അഭിപ്രായവും ഉപദേശവും തേടുക                                                                                                 3. എടുത്തു ചാടി തീരുമാനിക്കാതിരിക്കുക                                           4. പ്രാര്ത്ഥിക്കുക / സമയം ഏകാഗ്രതയിൽ ചെലവഴിക്കുക         5. തീരുമാനം തെളിഞ്ഞുവരും                                                                     6. ഉത്തരവാദിത്തം ഏറ്റെടുക്കുക                                                                 7. പ്രാവര്ത്തികമാക്കുക

ആദ്യമേതന്നെ ശരിയായ തീരുമാനം എടുക്കുവാനും, പിന്നീട്, തെറ്റിപ്പോയ തീരുമാനം തിരുത്തുവാനും, പോകേണ്ട വഴിയും ചെയ്യേണ്ടതായ കാര്യങ്ങളും  ഒന്നുതന്നേ ആണ്. ആയതിനാൽ, സ്വല്പം കാലതാമസം വന്നാലും, തീരുമാനം എടുക്കുമ്പോൾത്തന്നെ, ഈ കാര്യങ്ങൾ ചെയ്താൽ, നമ്മുടെ തെറ്റായ തീരുമാനങ്ങളുടെ എണ്ണം തീർച്ചയായും ഒരുപരിധിവരെ കുറക്കുവാൻ കഴിയും. നമ്മൾ ഈ കാര്യങ്ങൾ ചെയ്യുമ്പോൾ, ചില  കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടു, ഉപേക്ഷിക്കേണ്ടി വന്നാലും, അതു തികച്ചും ശരിയായ ഒരു തീരുമാനം ആയിത്തീരുവാനുള്ള സാദ്ധ്യത വളരെ വലുതാണ്. ചിലകാര്യങ്ങൾ, നമ്മൾ വികാരത്തിനുമാത്രം അടിമപ്പെട്ട് ബുദ്ധിമോശംകാരണം,  ചെയ്യുന്നതും ഒഴിവാക്കുവാൻ സാധിക്കും. 

സ്വയം നല്ല തീരുമാനങ്ങള്‍ എടുക്കുക.  മറ്റുള്ളവരെ നല്ല തീരുമാനങ്ങള്‍ എടുക്കുവാൻ സഹായിക്കുക. കൂടുതല്‍ സന്തോഷത്തോടെയും, സമാധാനത്തോടെയും, ഐശ്വര്യങ്ങളോടെയും കൂടി ഈ ജീവിത യാത്ര തുടരുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ !!!!  

“തോൽവി ഒരിക്കലും ഒരു അവസാനമല്ല.

അത് വിജയത്തിന്റെ ചവിട്ടുപടിയാണെന്നു

വിശ്വസിച്ചുകൊണ്ട് മുന്നേറുക.

വിജയം നമ്മളെ ഓരോരുത്തരെയും തേടി എത്തും”

അന്തിമ തീരുമാനം എടുക്കണ്ട വിധത്തിൽ  എടുത്താൽ, നമുക്ക് കഴിവതും തെറ്റാത് നോക്കാം (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

Thumbnail: (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

Popular posts from this blog

AI_Link